--> പരാജിതരുടെ ശവഘോഷയാത്ര!! ഒരു ക്രിസ്തുമസ്സ് കഥ
Greenzeu eduspot - know the world from your home - The complete study blog
Home Literature





 പരാജിതരുടെ ശവഘോഷയാത്ര!!

••••••••••••••••••••••••••••••••••••••••••••••••••••

ജനൽ തിരശ്ശീലക്കപ്പുറത്ത് നിന്നും ഒരോലേഞ്ഞാലി "ക്രിസ്മസ്.... ക്രിസ്മസ് " എന്ന് വിളിച്ചു പറയുന്നത് കേട്ടാണ് ഉണർന്നത്.       

           'മനുഷ്യർക്ക് വേണ്ടി കുരിശേറിയ യേശുദേവന്റെ തിരുപ്പിറവി, വെറുമൊരു പക്ഷിയായ ഞാൻ ഓർമ്മപ്പെടുത്തേണ്ടി വന്നല്ലോടോ ' എന്ന തരത്തിൽ ജനലിനപ്പുറത്തെ ഓലത്തുമ്പത്ത് ഊഞ്ഞാലാടുന്നതിനിടയിൽ അവൾ എന്നെ നോക്കി പുച്ഛത്തോടെ ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു!

            കോസടി മടക്കി വെച്ച് നിലത്ത് വീണുകിടക്കുന്ന ഉടുമുണ്ടെടുത്ത് അരയിൽ ചുറ്റി ശുചി മുറിയിൽ കയറിയപ്പോഴാണ് യേശുദേവന്റെ തിരുപ്പിറവി നാളായ ഇന്ന് നാല് വരി എഴുതണമെന്ന് മനസ്സ് വിളിച്ചു പറഞ്ഞത്.ഉടൻ അത് ശരിയാണെന്ന് ഒരോടിനെ സർവ്വ ശക്തിയുമെടുത്ത് താങ്ങി നിർത്തിക്കൊണ്ടിരുന്ന പല്ലി ആയാസത്തോടെ ചിലച്ചു.

             ഇന്നലെ അഴിച്ചു വെച്ച മുഷിഞ്ഞതെങ്കിലും തൂവെള്ള കുർത്തയെടുത്തിട്ട് പേനയും മഷിക്കുപ്പിയും പേപ്പറുമെടുത്ത് മുറ്റത്തെ തൈതെങ്ങിൻ ചോട്ടിൽ വന്നിരുന്നു.

 "ബേത് ലഹേമിലെ പുൽക്കുടിലിൽ.. "

     എന്ന വരിയെഴുതിയതേയുള്ളു

 "ഠോ..." എന്ന ഒച്ച കേട്ട് തിരിഞ്ഞു നോക്കി. ചുവന്ന തലപ്പാവും താടിയും കാലുറയും തുകൽ കൊണ്ടുണ്ടാക്കിയ മുട്ടോളമെത്തുന്ന അയഞ്ഞ കോട്ടും ധരിച്ച രണ്ടു പേർ.ഒരാളുടെ കയ്യിലെ തോൽവാർ ഒച്ചയുണ്ടാക്കിക്കൊണ്ട് അന്തരീക്ഷത്തിൽ വീശി എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്.

        "ആരാണ്.....? എന്തിനാണെന്നെ ...? " 

      ചോദ്യം മുഴുമിക്കും മുമ്പ് തോൽവാർ എന്റെ ഇടത് നെഞ്ചിനെ തടവിക്കൊണ്ട് ഊക്കോടെ ഉയർന്ന് താണു. എന്നോടൊപ്പം തുറന്നു വെച്ച മഷി കുപ്പിയും മുറ്റത്തെ മണ്ണിലമർന്നു. മഷി മണ്ണിലാകെ പടർന്ന് കാളിമയായി!.

 പൊടുന്നനെ ഒരുവൻ അട്ടഹസിച്ചു കൊണ്ട് 'എന്റെ പേര് ' തട്ടിപ്പറിച്ചെടുത്തു.

        "പേരില്ലാതെ...,

മഷിയില്ലാതെ.... ഇനി നീയെങ്ങനെയെഴുതും?

നിന്നെ ആരറിയും...?"

            ഇരുവരും ആർത്തട്ടഹസിച്ചുകൊണ്ട് ചോദിച്ചു.. 

    ഓടുതാങ്ങുന്ന 'ഡ്യൂട്ടി ' കഴിഞ്ഞ് ഉണങ്ങിച്ചുരുണ്ട ഓലമടൽ താങ്ങി നിർത്താനെത്തിയ കുഞ്ഞു പല്ലി അപ്പോഴും മൂന്നുവട്ടം ചിലച്ചു , 

    "ശരി തന്നെ.... ശരി തന്നെ... ശരി തന്നെ!"

    "ഹാ.. പല്ലി ചിലച്ചു, പരമാർത്ഥം.. " 

       ഇതും പറഞ്ഞ് എന്റെ പേരും കൊണ്ടവർ തിരിഞ്ഞു നടന്നു.

          'അല്ലെങ്കിലും പേരിലെന്തിരിക്കുന്നു..?' എന്ന് ആത്മഗതം ചെയ്ത് അടുത്ത വരി എഴുതാനിരുന്നപ്പോഴാണ് മഷിക്കുപ്പി മറിഞ്ഞു പോയല്ലോ എന്നോർത്തത്.

      ഉടൻ മനസ്സാക്ഷി പറഞ്ഞു,

       "സാരമില്ല... നീ പേനയെടുക്ക്, എഴുതാനുള്ള മഷി ഞാനുണ്ടാക്കിത്തരാം.പേന നിന്റെ ഇടതു നെഞ്ചിന്റെ പാർശ്വഭാഗത്ത് കുത്തിയിറക്കി നോക്കൂ..!'

     അപ്പോഴും ഓലമടലിലിരുന്ന് പല്ലി പതിവ് പല്ലവി ആവർത്തിച്ചു.     

                എഴുതാൻ മഷിവേണം എന്നതിലുപരി മറ്റൊന്നും ചിന്തിക്കാതെ പേനയെടുത്ത് മൂടി തുറന്ന് ഹൃദയത്തിലേക്ക് കുത്തിക്കയറ്റി പേനയുടെ വയർ നിറച്ച് വലിച്ചൂരി. പേപ്പറിൽ അടുത്ത വരി എഴുതി

 ''താരകാ നാരികൾ തൻ നടുവിൽ.."

        അക്ഷരങ്ങൾക്ക് വെട്ടിത്തിളങ്ങുന്ന ചുവപ്പ് നിറം. ഈ ബുദ്ധി നേരത്തെ പറഞ്ഞു തരാൻ തോന്നാത്തതിന് മനസ്സാക്ഷിയെ മനസ്സാ പഴിച്ചു കൊണ്ട് മൂന്നാം വരി എഴുതാൻ പേന ചലിപ്പിക്കാൻ തുടങ്ങവേ വീണ്ടും ഒരാക്രോശം..!

        "അഹങ്കാരി...

പേരും മഷിയും പോയിട്ട് വീണ്ടുമെഴുതുന്നു. അവന്റെ പേനയുടെ മുന കുത്തിപ്പൊട്ടിക്ക്... "

         നേരത്തെ വന്നവർ തന്നെ.തൊപ്പിയും കാലുറയും ചുവപ്പ് മാറി പച്ചയായിരിക്കുന്നു എന്ന് മാത്രം. ഇത്തവണ തോൽവാർ പ്രഹരം കിട്ടിയില്ല. പകരം പേന വാങ്ങി മുറ്റത്തെ കല്ലിൽ കുത്തിപ്പൊട്ടിച്ചു. കലിയടങ്ങാതെ രണ്ട് പേരും മാറി മാറി നിലത്തിട്ടതിനെ ചവിട്ടി പൊട്ടിച്ചു. പേനയുടെ ഹൃദയം പൊട്ടിയ രക്തവും മണ്ണിലലിഞ്ഞു.

   ''തെമ്മാടി, ഇനി എഴുതണത് ഒന്ന് കാണണമല്ലോ...

എഴുതി എഴുതി ഇവൻ നമ്മുടെ പല അരമന രഹസ്യങ്ങളും അങ്ങാടിപ്പാട്ടാക്കിയിട്ടുണ്ട്. ഏതായാലും ഇനി അക്ഷരങ്ങളെക്കൊണ്ടുള്ള ശല്യമുണ്ടാവില്ല.വാ പോകാം..."

          അവർ തിരിഞ്ഞതും വെള്ള കുർത്തക്ക് മുകളിലൂടെ നീർച്ചാലു പോലെ പുറത്തേക്കൊഴുകുന്ന ചുവന്ന മഷിയിൽ എന്റെ കണ്ണുടക്കി.

 അത്യാവേശത്തോ വലത് ചൂണ്ടാണിവിരൽ ഹൃദയത്തിൽ നിന്നൊലിച്ചുവരുന്ന ചുവന്ന മഷിയിൽ മുക്കി എഴുതി,


"ഹൃദയരക്തം കൊണ്ട്

സ്നേഹ കാവ്യം തീർത്ത

ദൈവപുത്രൻ പിറന്നൂ.....

മണ്ണിൽ ദൈവപുത്രൻ പിറന്നൂ.... "

                നാലടി നടന്ന് തിരിഞ്ഞു നോക്കിയ അവർ കണ്ടത് എന്റെ ഉന്മാദ ഭാവം. അതിരുവിട്ട കോപം അവരുടെ പച്ചതലപ്പാവും കാലുറയും കറുപ്പാക്കി മാറ്റി. ആർത്തട്ടഹസിച്ചു കൊണ്ട് അവർ എന്റെ മേൽ ചാടി വീണു. ഒരുവന്റെ തുകലുടുപ്പിന്റെ കീശയിൽ നിന്നും ഉളി പോലെ വെട്ടിത്തിളങ്ങുന്ന ദംഷ്ട്രകളുള്ള ഒരു കുള്ളൻ കൂടി പുറത്തുചാടി.!

         അവൻ കോമ്പല്ലുകൊണ്ട് എന്റെ വലതു ചൂണ്ടാണിവിരലിന്റെ പാതിയോളം കടിച്ചു മുറിച്ച് ചവച്ചരച്ച് വെറ്റില മുറുക്കാൻ പോലെ തുപ്പി!.

അത് കണ്ട് മറ്റ് രണ്ടു പേരും പരിസരം മറന്ന് ആർത്തു ചിരിച്ചു. അതിനിടയിൽ പുതിയ കണ്ടു പിടുത്തം പോലെ ഒരുവൻ കുള്ളനോടു പറഞ്ഞു.

      "ഇവനെ വിശ്വസിച്ചു കൂടാ...

ഒരു വിരലില്ലെങ്കിലും ഇവൻ മറ്റ് വിരലുകൾ കൊണ്ടെഴുതാനിടയുണ്ട്. അതിനുള്ള മഷി ആവശ്യാനുസരണം അവന്റെ ഹൃദയം ഒഴുക്കിക്കൊടുക്കുന്നുമുണ്ട്.അതുകൊണ്ട് മുഴുവൻ വിരലുകളും നീയെടുത്തോ..."   

                    അപ്പോഴും ഉണങ്ങിച്ചുരുണ്ട മടലിനടിയിൽ അള്ളിപ്പിടിച്ചിരുന്ന് പല്ലി മൂന്നുവട്ടം ചിലച്ചു,

"ശരിയാ.... ശരിയാ...ശരിയാ.. "

        കേട്ട പാതി കുള്ളൻ എന്റെ രണ്ട് കയ്യും കേമ്പല്ലുകൾക്കിടയിലാക്കി അമർത്തി. ഒമ്പതു വിരലുകളും അറക്കവാളിനുള്ളിൽ ചേമ്പിൻ തണ്ട് കുടുങ്ങിയ പോലെ അറ്റു തെറിച്ചു.അപ്പോഴാണ് കുള്ളന് മുഖമില്ലെന്നത് ഞാൻ കാണുന്നത്. അമ്പരപ്പോടെ മറ്റു രണ്ടു പേരെ നോക്കി. അവർക്കും മുഖമില്ലായിരുന്നു.! മാറിലൂടെയും ഇരു കൈകളിലൂടെയും ഒഴുകിയിറങ്ങുന്ന നല്ല കണ്ണഞ്ചിക്കുന്ന രക്തം കണ്ട് വീണ്ടുമെഴുതാനുള്ള ത്വര ഉള്ളിൽ ഉണർന്നു. മണ്ണിൽ മുട്ടുകുത്തി നിൽക്കുന്ന എന്റെ മുഖഭാവം കണ്ടിട്ട്,     

       ''ഇവൻ ഇതു കൊണ്ടൊന്നും പഠിക്കില്ല" എന്ന് പറഞ്ഞ് മുഖമില്ലാത്ത മൂവരും കൂടി തൊട്ടപ്പുറത്തെ പാലമരത്തിന് മുകളിലേക്ക് നോക്കി ഒരു പ്രത്യേക ശബ്ദമുയർത്തി.

                പൂത്തുലഞ്ഞു നിൽക്കുന്ന പാലക്കൊമ്പുകൾ ഒന്നുലഞ്ഞു.മരക്കൊമ്പുകൾക്കിടയിലൂടെ 'ചങ്ങമ്പുഴയുടെ മനസ്വിനിയുടെ' കാർകൂന്തലിനെ ഓർമ്മിപ്പിക്കത്തക്കവണ്ണമുള്ള മുടിയിഴകൾ ഒഴുകിയിറങ്ങി.പിന്നാലെ കാലില്ലാത്ത മൂന്ന് സുന്ദരീ മണികളും.അവർ എന്റെ മുന്നിൽ വന്ന് വശ്യമായി ചിരിച്ചു. വേദനക്കിടയിലും ആ ചിരി എന്നെ ലഹരിപിടിപ്പിച്ചു.അവർ രണ്ട് പേർ തൂവൽ പോലുള്ള കൈകളാൽ ഇരു കൈകളും പിടിച്ച് ചുംബിച്ചു. ഒരാൾ കുനിഞ്ഞിരുന്ന് മാറിലെ മുറിവിൽ അമർത്തിച്ചുംബിച്ചു.മൂന്ന് സുന്ദരികളുടെ ചുംബനലഹരിയിൽ ഞാനലിഞ്ഞു. കണ്ണുകൾ താനേയടഞ്ഞു. സിരകളിലെ രക്തം മഴവെള്ളപ്പാച്ചിൽ പോലെ മുറിവുകളിലേക്ക് ഒഴുകിയിറങ്ങി.!

"വേദന... വേദന....

ലഹരിപിടിക്കും

വേദന ഞാനതിലലിയട്ടെ..!" എന്ന് മന്ത്രിച്ചു കൊണ്ട് പതുക്കെ മണ്ണിലേക്കൂർന്നു വീണു.       

            കൊട്ടും പാട്ടുമായി ഒരു ഘോഷയാത്രയുടെ ആരവമാണ് പതുക്കെ മയക്കത്തിൽ നിന്നുണർത്തിയത്. കണ്ണ് ആയാസപ്പെട്ട് വലിച്ചു തുറന്നു നോക്കുമ്പോൾ ഓലമടലിൽ നിന്നും പല്ലി പതുക്കെ വാലുയർത്തി ചിലച്ചു കൊണ്ട് ഉയർത്തിയ വാൽ മുറിച്ച് നിലത്തിട്ട് ഓടി രക്ഷപ്പെടുന്നതാണ് കണ്ടത്.മടലിന്റെ അറ്റത്ത് നീണ്ട വാൽ തൂക്കിയിട്ട് 'ഞാൻ കാരണമാണല്ലോ ഈ പാവത്തിന് ഈ ഗതിവന്നത് ' എന്ന് പറയാതെ പറഞ്ഞ്, കലങ്ങിയ കണ്ണുമായി എന്നെ നോക്കി നെടുവീർപ്പിടുന്ന ഓലേഞ്ഞാലിയെയും കണ്ടു. വേറെയാരുമില്ല.....

         ആരവം അടുത്തു വരുന്നു.  

      'ക്രിസ്മസ് അല്ലേ ...

കരോൾ സംഘമായിരിക്കും' മനസ്സിലൂഹിച്ച് നിരത്തിലേക്ക് ദൃഷ്ടി പായിച്ചു. മങ്ങിയ കാഴ്ച ഘോഷയാത്രക്ക് മുന്നിലെ ബോർഡ് വായിച്ചു.


'പരാജിതരുടെ ശവഘോഷയാത്ര!!'


           മുന്നിലും പിന്നിലുമായി പരിചിതവും അപരിചിതവുമായ മുഖങ്ങളും മുഖമില്ലാത്തവരും വാദ്യമേളങ്ങൾ മുഴക്കി നൃത്തം ചെയ്യുന്നു. അതിലൊരുവൻ എന്നെക്കണ്ട് അത്യാഹ്ളാദത്തോടെ ആർത്തുവിളിച്ചു പറഞ്ഞു,

         "കൂട്ടരേ... നോക്കൂ... അതാ ഒരു പരാജിതൻ കൂടി. അവനെ പിടിച്ച് ഈ ശവഘോഷയാത്രയിലെ ഒഴിഞ്ഞ ശവമഞ്ചത്തിൽ കിടത്തൂ..."

          മൂന്ന് മുഖമില്ലാത്തവരും രണ്ട് മുഖമുള്ളവരും എന്നെ പിടിച്ച് കൊണ്ട് പോകാൻ തുനിഞ്ഞു.സ്വനപേടകത്തിലടഞ്ഞു കിടക്കുന്ന ശബ്ദത്തെ പരമാവധി പുറത്തിറക്കിക്കൊണ്ട് ഞാൻ വിളിച്ചു പറഞ്ഞു.

       

"അരുത്.... ഞാൻ പരാജിതനല്ലാ... നിങ്ങൾക്ക് ആള് മാറിയതായിരിക്കും.... എന്നെ വിടൂ... വിടൂ..."

       " ഹ... ഹ.... ഹ... എല്ലാ പരാജിതരും ഞങ്ങളോടിങ്ങനെ തന്നെയാണ് പറയാറുള്ളത്. കാലമേറെയായി ഞങ്ങൾ ഈ പണി തുടങ്ങിയിട്ട്....!

ഒച്ചയുണ്ടാക്കാതെ അനുസരിക്കുകയാവും നല്ലത്.." 

          ഭീഷണി മുഴക്കി അവർ എന്റെ കുറ്റിയായ കൈവിരലുകളും കാൽവിരലുകളും കൂട്ടിക്കെട്ടി. ഒരു തുണിക്കഷ്ണം കൊണ്ട് താടിക്കടിയിലൂടെ തലയിലേക്ക് കെട്ടി.മൂക്കിന്റെ ഇരു ദ്വാരങ്ങളിലും പഞ്ഞി തിരുകി വെച്ചു. അവർ കൊണ്ടുവന്ന വെള്ളത്തുണികൊണ്ട് ആപാദചൂഢം മൂടി.അഞ്ചു പേരും കൂടി താങ്ങിയെടുത്ത് ഘോഷയാത്രയിലെ ഒഴിഞ്ഞ ശവമഞ്ചത്തിൽ കിടത്തി. അപ്പോഴും വാദ്യമേളങ്ങൾക്കൊപ്പം മുഖമില്ലാത്തവരും ഉള്ളവരും പാട്ടു പാടി ആനന്ദനൃത്തമാടിക്കൊണ്ടിരുന്നു.

                  'ഞാൻ പരാജിതനല്ല' എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് ഇറങ്ങിയോടാൻ സകല ശക്തിയുമാവാഹിച്ചു കൊണ്ടിരിക്കെ, മനസ്സാക്ഷി പറഞ്ഞു,

          "നീ പരാജിതനാണ്.അവിടെ അമർന്ന് കിടക്കുക.! എന്നിട്ട് മുഖം മൂടിയ തുണിയുടെ ചെറിയ വിടവിലൂടെ നിന്റെ വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും മുൻഭാഗത്തേക്കും പിന്നിലേക്കും നോക്കുക.."

          മനസ്സാക്ഷിയോട് കോപിച്ചാണെങ്കിലും ഞാൻ തുണിവിടവിലൂടെ വലതുഭാഗത്തേക്ക് നോക്കി.ആ മഞ്ചത്തിൽ രക്തം പറ്റിപ്പിടിച്ച ഒരു മരക്കുരിശ് വെള്ളത്തുണിക്ക് പുറത്തേക്ക് തള്ളിനില്ക്കുന്നു. ആഹ്ളാദത്തോടെ ഇടത്തോട്ട് നോക്കി.    

           മഞ്ചത്തിൽ കിടക്കുന്ന രൂപത്തിന്റെ നെഞ്ചിന്റെ ഇരു ഭാഗത്തും വയറിലുമായി മൂന്ന് രക്തപുഷ്പങ്ങൾ വിരിഞ്ഞു നിൽക്കുന്നു. ഗീതയും ബൈബിളും ഖുറാനും മാറിൽ പറ്റിച്ചേർന്ന് കിടക്കുന്നു. തളർന്ന് മയങ്ങിക്കിടന്ന എന്റെ ഹൃദയം ആഹ്ളാദോത്തേജകമായി തുള്ളാൻ ഒരുങ്ങവേ മുന്നിലെയും പിന്നിലെയും മഞ്ചങ്ങളിലേക്ക് കൂടിയൊന്ന് നോക്കി. മുന്നിലെ മഞ്ചത്തിൽ വെള്ളപുതപ്പിനിടയിലൂടെ ഒരു 'വിഷക്കോപ്പ' മറിഞ്ഞു കിടക്കുന്നതും തീക്ഷ്ണതയറ്റു പോകാത്ത രണ്ട് കണ്ണുകൾ വജ്രം പോലെ തിളങ്ങുന്നതും കാണാനായി.പിറകിൽ തുണിക്കിടയിലൂടെ പുറത്തേക്ക് തള്ളി നിൽക്കുന്ന വലതുകയ്യിൽ പട്ടാപകലാണെങ്കിലും എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ചൂട്ടും കണ്ടു.

          രക്തമൂറ്റിക്കഴിഞ്ഞ് വെള്ളക്കടലാസ് പോലെ വിളറിയ എന്റെ ഹൃദയം ആഹ്ളാദത്തിന്റെയും അഭിമാനത്തിന്റെയും പരകോടിയിൽ നെഞ്ചിലെ ദ്വാരത്തിലൂടെ പുറത്ത് ചാടി!.

 തുലാമഴത്തുള്ളികൾ പോലെ ചെഞ്ചോരത്തുള്ളികൾ ചിന്നിത്തെറിപ്പിച്ചു കൊണ്ട് ത്രസിക്കുന്ന ഹൃദയം ആഹ്ലാദനൃത്തം ചവിട്ടി. ഒരു പരാജിതന്റെ ഹൃദയം ആഹ്ളാദ നൃത്തം ചെയ്യുന്നത് കണ്ട് അമ്പരന്ന് ഘോഷയാത്രയിൽ നൃത്തം ചെയ്തവർ പൊടുന്നനെ നിർത്തി. വാദ്യഘോഷങ്ങളും നിശ്ചലമായി. അപ്പോൾ എന്റെ ഹൃദയത്തിന് നൃത്തം ചെയ്യാൻ ആകാശചാരികൾ വാദ്യമേളങ്ങൾ തീർത്തു.മാലാഖമാർ എന്റെ ഹൃദയത്തോടൊപ്പം നൃത്തമാടി.ഉന്മാദ നൃത്തത്തിനിടയിൽ ഹൃദയം മൂന്നു ലോകവും കേൾക്കുമാറുച്ചത്തിൽ വിളിച്ചു പറഞ്ഞു,

"ഞാൻ പരാജിതനാണ്...

ഞാൻ പരാജിതനാണ്...

ഞാൻ പരാജിതനാണ്....!"

അമ്പരന്ന് നിൽക്കുന്ന ശവഘോഷയാത്രയിലെ മുഖമില്ലാത്തവരെയും മുഖമുള്ളവരെയും വീണ്ടും അമ്പരപ്പിച്ചു കൊണ്ട് ശവമഞ്ചത്തിൽ അള്ളിപ്പിടിച്ച് താങ്ങി നിർത്തിക്കൊണ്ടിരുന്ന പഴയ പല്ലി മൂന്നുരു ചിലച്ചു,

 "ശരി തന്നെ... ശരി തന്നെ.... ശരി തന്നെ.. !" 

ഇത് കേട്ട് വഴിയിറമ്പിലെ തെങ്ങോലത്തുമ്പത്ത് ഊഞ്ഞാലാടിക്കൊണ്ട് ഓലേഞ്ഞോലി പാടി,


"അത്യുന്നതങ്ങളിൽ

ദൈവത്തിന് മഹത്വം,

ഭൂമിയിൽ സന്മനസ്സുള്ളവർക്ക്

സമാധാനം..."


Written by : Sathyan pulikkal


                            Greenzeu

Greenzeu :

1 comment



to Top